കണ്ണൂര്‍ : കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ഏരിയ കമ്മറ്റിയില്‍ ആവശ്യം ഉയര്‍ന്നു. നടപടി സിപിഎം ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം അംഗങ്ങള്‍ അറിയിച്ചു. യോഗത്തില്‍ ശ്യാമളവികാരഭരിതയായി. നാളെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.
ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മന്ത്രി എ.സി. മൊയ്തീന്‍ ശകാരിച്ചിരുന്നു. വ്യവസായിക്ക് കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനാവശ്യ കുറിപ്പുകള്‍ ഫയലില്‍ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍ സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്, സാജന്‍ ഓഡിറ്റോറിയം നിര്‍മ്മാണം തുടങ്ങിയത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.