ആലപ്പുഴ: ആലപ്പുഴയില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതേ വിട്ടു.
അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായിരുന്നു ആത്മഹത്യ ചെയ്തത്. ക്ലാസ് മുറിക്കുള്ളിലായിരുന്നു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. 2008 നവംബര്‍ 17നായിരുന്നു സംഭവം നടന്നത്.
രാത്രിയായിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ സ്‌കൂള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരും വിഷം കഴിച്ചാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കുട്ടികളുടെ കൂട്ട ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്ത കേസില്‍ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികളെന്ന് ക്രൈംബ്രഞ്ച് കണ്ടെത്തി.
ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബലാത്സംഗ രംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.