ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിവെച്ച് മരിച്ച യുവ മോര്‍ച്ച നേതാവ് അതുല്‍ ലോഖണ്ഡെയുടെ അവയവങ്ങള്‍ ദാനം ചെയ്തു.
ലോഖണ്ഡെയുടെ ഹൃദയമുള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം നല്‍കാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ഹൃദയം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയി. കരളും വൃക്കകളും ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് നല്‍കാനായി കൊണ്ടുപോവുകയും ചെയ്തു. കണ്ണുകള്‍ മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ദാനം ചെയ്തു.
കാമുകിയുടെ പിതാവിന്റെ ആവശ്യപ്രകാരമായിരുന്നു അതുല്‍ പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിയുതിര്‍ത്തത്.
മൂന്ന് ദിവസം മുമ്പാണ് അതുല്‍ ലോഖണ്ഡെ തന്റെ കാമുകിയുടെ വീടിന് മുന്നിലെത്തി സ്വയം നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ അതുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
അതുലും കാമുകിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. മകളോടു പ്രണയമുണ്ടെന്നു തെളിയിക്കാന്‍ ആത്മഹത്യ ചെയ്യണമെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണു താനിങ്ങനെ ചെയ്യുന്നതെന്ന് അതുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.