ഭോപ്പാല്‍: അധ്യാപകര്‍ വിദ്യാര്‍ഥികളെ അടിച്ചാല്‍ അത് ആത്മഹത്യാ പ്രേരണാക്കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഹൈക്കോടതി.
പ്രിന്‍സിപ്പല്‍ വഴക്കു പറഞ്ഞിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പത്താംക്ലാസ്സുകാരിയുടെ ബന്ധു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.
‘സ്‌കൂളിലായിരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ രക്ഷാകര്‍തൃത്വ ചുമതല നിര്‍വ്വഹിക്കേണ്ടത് അധ്യാപകരും പ്രിന്‍സിപ്പലുമാണെന്നും വഴിപിഴയ്ക്കുന്ന കുട്ടികളെ ശകാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് എത്രമാത്രം അവകാശമുണ്ടോ അത്ര തന്നെ കുട്ടികളെ ശിക്ഷിക്കാനും ശകാരിക്കാനും അധ്യാപകര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ വിധിയില്‍ പറഞ്ഞു.
അനുപ്പുര്‍ ജില്ലയിലെ കോട്മ സ്വദേശിനിയാണ് മരിച്ച പെണ്‍കുട്ടി. 2017 നവംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ്സുകള്‍ അവസാനിക്കുന്നതിനു മുമ്പ് സ്‌കൂളിന് പുറത്ത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ ആര്‍കെ മിശ്ര തല്ലിയിരുന്നു. പിന്നീട് ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്.
കുട്ടിയുടെ മരണത്തിനുത്തരവാദിത്വം ചുമത്തി പ്രിന്‍സിപ്പലിനെതിരേ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.