ചെന്നൈ:തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമമാണ് നടത്തുന്നത്.
കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് അതിലൂടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനിടെ കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി തുണി സഞ്ചി തയ്ച്ചു കൊടുക്കുന്ന അമ്മയുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. രണ്ട് വയസ്സുകാരന്‍ സുജിത്തിനെ പുറത്തെടുക്കാന്‍ തുണിസഞ്ചിയുടെ ആവശ്യം വരുമെന്നറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ക്കായാണ് അമ്മ തുണി സഞ്ചി തയ്ച്ചു നല്‍കിയത്.ആ സമയത്ത് സമീപത്തെ തയ്യല്‍കാരെയൊന്നും പെട്ടെന്ന് ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് കുഞ്ഞിന്റെ അമ്മ കലൈ മേരി തന്നെ തുണി സഞ്ചി തുന്നി രക്ഷാപ്രവര്‍ത്തകര്‍ക്കായി നല്‍കിയത്.
തയ്യല്‍മെഷീനില്‍ കുനിഞ്ഞിരുന്നു സഞ്ചി തയ്ക്കുന്ന കലൈ മേരിയുടെ ചിത്രംഇന്ത്യന്‍ എക്സ്പ്രസ്സാണ്ആദ്യമായി പുറത്തു വിട്ടത്. മകനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുമ്പോഴും ധൈര്യം കൈവിടാതെ നിലകൊണ്ട ആ അമ്മയുടെ പ്രവൃത്തിയെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്.കുട്ടി കിണറ്റില്‍ വീണിട്ട് 36 മണിക്കൂര്‍ പിന്നിട്ടു.