ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍. കേജ്‌രിവാളിനും എ.എ.പിക്കുമെതിരായ തന്റെ ആരോപണങ്ങൾക്ക് പിന്നില്‍ ബി.ജെ.പിയല്ലെന്നും ചന്ദ്രശേഖർ അഭിഭാഷകൻ മുഖേന മാധ്യമങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.
”എ.എ.പി, സത്യേന്ദർ ജെയിൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവര്‍ക്കെതിരെ ഞാൻ നൽകിയ എല്ലാ പരാതികളും വസ്തുതകളും സംബന്ധിച്ച് നുണപരിശോധനക്ക് ഞാന്‍ തയ്യാറാണ്” സുകേഷ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ പറയുന്നു.
കെജ്‌രിവാളും അദ്ദേഹത്തിന്റെ മന്ത്രി സത്യേന്ദർ ജെയിനും ഇത്തരമൊരു പരിശോധനയ്ക്ക് ഹാജരാകുന്നത് ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പേരുടെയും സാന്നിധ്യത്തില്‍ നുണ പരിശോധന നടത്തുകയും അത് തത്സമയം സംപ്രേക്ഷണം ചെയ്യുകയും വേണമെന്നും സുകേഷ് ആവശ്യപ്പെട്ടു. എ.എ.പിക്കെതിരായ പരാതി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയുണ്ടെന്നും തന്നെയും ഭാര്യയെയും മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചതിനു ഒരു ദിവത്തിനു ശേഷമാണ് പുതിയ കത്ത് പുറത്തുവരുന്നത്.