sukeshan-crimebranch

തിരുവന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എസ്.പി ഉണ്ണിരാജനാണ് അന്വേഷണ ചുമതല. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴിക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സി.ഡി.യിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സി.ഡി. ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

എസ്.പി ഉണ്ണിരാജന്റെ നേതൃത്വത്തില്‍ ആറംഗസംഘമാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ സുകേശനേയും ബിജു രമേശിനേയും ഉടന്‍ ചോദ്യം ചെയ്‌തേക്കും. ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സുകേശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്.

2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ അസോസിയേഷന്‍ ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളടങ്ങുന്നതാണ് സി.ഡി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശനും ബിജു രമേശും തമ്മിലുള്ള സംഭാഷണം ഈ സീഡിയിലുണ്ട്. അതിനാല്‍ ബാര്‍ കോഴക്കേസില്‍ ഇരുവരും ഗൂഢാലോചന നടത്തിയോ എന്നാണ് ക്രൈംബ്രാഞ്ച് മുഖ്യമായും അന്വേഷിക്കുക.

നേരത്തെ എസ്.പി. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. എസ്.പി. സുകേശനും ബിജു രമേശും തമ്മിലുള്ള ബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണം സി.ഡിയിലുള്ളതിനാല്‍ ഇരുവരും തമ്മിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടതാണെന്ന് ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top