ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ 17 ജവാന്മാര്‍ കൊല്ലപ്പെട്ട നിലയില്‍. ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മാവോയിസ്റ്റുകള്‍ ജവാന്മാരെ തട്ടിക്കൊണ്ടുപോയത്. വനത്തില്‍ നടത്തിയ തിരച്ചലിലാണ് ജവാന്മാരുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തര്‍ പ്രദേശത്ത് ഉള്‍പ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്. 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്പെഷ്യല്‍ ടാസ്‌ക് പൊലീസ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ പക്കല്‍ നിന്ന് 16 ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായും ഡിജിപി ദുര്‍ഗേഷ് മാധവ് അവാസ്തി അറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായത് കാരണം ഇന്ന് ഉച്ചയ്ക്കുശേഷം മാത്രമാണ് കൂടുതല്‍ സുരക്ഷാസേനയ്ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. മാവോയിസ്റ്റ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ തയ്യാറെടുപ്പുകളും ഇവര്‍ക്ക് നടത്തേണ്ടതായുണ്ടായിരുന്നെന്ന് ഡിജിപി പറഞ്ഞു.