ചങ്ങനാശേരി: ബിജെപിക്കെതിരെയുളള വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാക്കി എന്‍എസ്എസ് നേതൃത്വം. എന്‍എസ്എസിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലാകാനില്ല. ഒരുകാവി ഉടുത്തു മറ്റൊരു കാവി പുതപ്പിക്കാൻ വരേണ്ട. ആരും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും, സൗമ്യമായി സഹായിക്കുന്ന ആരെയും തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍എസ്എസിന് പ്രത്യേക രാഷ്ട്രീയമില്ല. പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമുള്ള പാര്‍ടിയില്‍ പ്രവര്‍ത്തിക്കാം എന്നാല്‍ എന്‍എസ്എസില്‍ എത്തുമ്പോള്‍ നായര്‍ മാത്രമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം സമാധിദിനത്തോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
എന്‍എസ്എസിനോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം ബിജെപി നേതാക്കള്‍ കണ്ട് പഠിക്കണം. സമുദായ പ്രവര്‍ത്തനങ്ങളില്‍ കാര്‍ക്കശ്യ നിലപാട് എടുത്തിരുന്ന ഇടതുപക്ഷം ഇപ്പോള്‍ മാറിചിന്തിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.