കോട്ടയം: ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന് മറുപടിയുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍.എസ്.എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിനോ, എന്‍.എസ്.എസ് നേതൃത്വത്തിലുള്ളവര്‍ക്കോ പാര്‍ലമെന്ററി മോഹങ്ങളൊന്നും തന്നെയില്ല. സ്ഥാനമാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതില്‍ക്കല്‍ പോയിട്ടുമില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം എന്‍.എസ്.എസ്. നിലകൊണ്ടിട്ടുള്ളത്. എന്‍.എസ്.എസ്. എന്നും വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണെന്നും അതില്‍ രാഷ്ട്രീയം കാണുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.