തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു. എഴുപത്തിനാലു വയസായിരുന്നു അദ്ദേഹത്തിന്. ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം.
മലയാള സാഹിത്യത്തില്‍ ഇടതുപാര്‍ശ്വം ചേര്‍ന്നു നടന്ന സുകുമാരന്‍ കഥയില്‍ മാര്‍ക്‌സിയന്‍ ആശയാഭിമുഖ്യം അടയാളപ്പെടുത്തിയ എഴുത്തുകാരനായിരുന്നു. 2006 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2004 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981-ല്‍ ശേഷക്രിയക്കും 95-ല്‍ കഴകത്തിനും ലഭിച്ചു. പിതൃതര്‍പ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി.
പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങള്‍, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്ര ഗാഥ, പിതൃതര്‍പ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീര്‍ത്തനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മലയാള നോവല്‍ സാഹിത്യത്തില്‍ത്തന്നെ ഒറ്റപ്പെട്ട ഒരു പ്രതിഭാസമായി വിലയിരുത്തുന്ന നോവലാണ് സുകുമാരന്റെ ‘ശേഷക്രിയ’. ഒരു രാഷ്ട്രീയ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്ന അതിന്റെ പ്രമേയവും ആവിഷ്‌കാരവും മലയാള നോവല്‍ ഭാവുകത്വത്തെത്തന്നെ നവീകരിക്കുന്ന ഒന്നായിരുന്നു.