മസ്‌കത്ത്: പലസ്തീനിലെ ജനങ്ങളോടൊപ്പമാണ് ഒമാന്‍ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഒമാന്‍ കൗണ്‍സിലിന്റെ എട്ടാം ടേമിന്റെ ആദ്യ വാര്‍ഷിക സെഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍, ഇസ്രായേല്‍ ആക്രമണവും അന്യായമായ ഉപരോധവും സഹിച്ചുനില്‍ക്കുന്ന ഗുരുതരമായ ദുരവസ്ഥയെ അഗാധമായ ഉത്കണ്ഠയോടെയാണ് നിരീക്ഷിക്കുന്നത്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഒമാന്റെ നിലപാട് വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തോട് അതിന്റെ കടമകള്‍ നിറവേറ്റാനും പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളെ മാനിക്കാനും അഭ്യര്‍ഥിക്കുകയാണ്.
മേഖലയില്‍ ശാശ്വത സമാധാനവും ആഗോള സമൂഹത്തിന്റെ സുരക്ഷയും സാക്ഷാത്കരിക്കുന്നതിനുള്ള അടിസ്ഥാന ശിലയായ, തങ്ങളുടെ പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിലെ പലസ്തീന്‍ ജനതയുടെ ന്യായമായ അഭിലാഷങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഫലപ്രദവും അടിസ്ഥാനപരവുമായ പരിഹാരങ്ങള്‍ ത്വരിതപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സുല്‍ത്താന്‍ പറഞ്ഞു.