സുമലത രാഷ്ട്രീയത്തിലേക്ക്; കോണ്‍ഗ്രസ് നീക്കം പാളിയാല്‍ താരം എത്തുക ബിജെപിയിലേക്ക്

ബംഗലുരു: മലയാളികളുടെ പ്രിയങ്കരിയായ സിനിമാതാരം സുമലത കന്നഡ രാഷ്ടീയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നു. കന്നഡ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ തയ്യാറെടുക്കുന്ന സുമലതയെ പാളയത്തിലെത്തിക്കാനുള്ള നിക്കത്തിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളിപ്പോള്‍.

കന്നഡയിലെ പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് സുമലത. അമ്പരീഷിന്റെ മരണത്തോടെ ഭര്‍ത്താവിന്റെ മണ്ഡലമായ മാണ്ഡ്യയില്‍ ജനവിധി തേടാനിറങ്ങുകയാണ് സുമലത. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം
സുമലതയ്ക്ക് പൂര്‍ണ സമ്മതം അറിയിച്ചിരുന്നു. മാണ്ഡ്യയില്‍ മത്സരിക്കാന്‍ സുമലതയ്ക്ക് എല്ലാ അര്‍ഹതയുമുണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു പറഞ്ഞിരുന്നത്.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു വരെ അംബരീഷിന്റെ പേരിലായിരുന്നു മാണ്ഡ്യയിലെ മികച്ച ഭൂരിപക്ഷത്തിന്റെ റെക്കോഡ്. ജെ.ഡി-എസും കോണ്‍ഗ്രസും ഒരുപോലെ ശക്തരായ കര്‍ഷക ഭൂരിപക്ഷ മണ്ഡലത്തില്‍ ഇരുകൂട്ടരും തമ്മിലെ ഉള്‍പ്പോരിന്റെ അനുരണനമാണ് സുമലതയുടെ രംഗപ്രവേശം. എന്നാല്‍ മാണ്ഡ്യയിലെ സീറ്റ് ഘടകകക്ഷിയായ ജെ ഡി എസിന്റെ പോക്കറ്റിലാണെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയായി മാറുകയായിരുന്നു. സീറ്റ് പിടിച്ചെടുക്കാനുളള കോണ്‍ഗ്രസ് നീക്കം എന്ന നിലയിലുളള പ്രതിരോധം ജെ ഡി എസ് ഉയര്‍ത്തിയതോടെ സുമലതയ്ക്കുള്ള കോണ്‍ഗ്രസ് ടിക്കറ്റിന്റെ കാര്യത്തിലും അനിശ്ചിതത്വമാണ്.

ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നിക്കത്തിലായിരുന്നു സുമലത. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പരാജയപ്പെടുമോയെന്ന ആശങ്ക അനുയായികള്‍ ഉയര്‍ത്തിയതോടെ ബിജെപി നിക്കങ്ങളോട് സഹകരിക്കാനുള്ള തീരുമാനത്തിലേക്കാണ് സുമലത എത്തുന്നതെന്നാണ് ബംഗലുരുവില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top