സംസ്ഥാനത്ത് ഏപ്രിലില്‍ വേനല്‍മഴ കൂടും; ചൂട് കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. മാര്‍ച്ച് മാസത്തില്‍ 45 ശതമാനം അധികം വേനല്‍ മഴ ലഭിച്ചു. പകല്‍ സമയങ്ങളില്‍ പൊതുവെ സാധാരണയെക്കാള്‍ കുറവ് താപനില അനുഭവപ്പെടാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡക്സ് 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ 12 മണി മുതല്‍ 2 മണി വരെ പുറത്തിറങ്ങരുതെന്നും ജാഗ്രത നിര്‍ദ്ദേശം ഉണ്ട്.

വരുന്ന നാല് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നും ചൂടുകാറ്റിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top