കേരളത്തില്‍ കൊടുംചൂട് ഒരാഴ്ച കൂടി തുടരും ; ഒമ്പത് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 9 ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ താപനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കൊടുംചൂടില്‍ ബുധനാഴ്ച മാത്രം സൂര്യാതപമേറ്റത് 102 പേര്‍ക്കാണ്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാതപവും 46പേര്‍ക്ക് പൊള്ളലുമേറ്റു. 54 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടു.

താപമാപിനിയില്‍ ബുധനാഴ്ച ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ് 41 ഡിഗ്രി.പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് താപനില 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരില്‍ 38.5 ഡിഗ്രി ചൂട് അനുഭവപ്പെട്ടു.

ആലപ്പുഴയില്‍ താപനില ശരാശരിയില്‍ 3.2 ഡിഗ്രിയും പുനലൂരില്‍ 3.1 ഡിഗ്രിയും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 2.6 ഡിഗ്രിയും കോട്ടയത്ത് 2.5 ഡിഗ്രിയും കോഴിക്കോട് 2.7 ഡിഗ്രിയും ഉയര്‍ന്നു. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്സ്) 12 യൂനിറ്റ് എന്നത് മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ വെയിലേറ്റാല്‍ തളര്‍ന്നുവീഴുന്ന സ്ഥിതിയുണ്ട്. ഇത്തരം ശാരീരിക പ്രശ്നങ്ങളുമായാണ് കൂടുതല്‍പേര്‍ ചികിത്സതേടുന്നത്.

ബുധനാഴ്ച സൂര്യാതപമേറ്റ രണ്ടുപേരും തിരുവനന്തപുരം ജില്ലക്കാരാണ്. പത്തനംതിട്ടയില്‍ എട്ടുപേര്‍ക്കും കോട്ടയത്ത് ഏഴുപേര്‍ക്കും കൊല്ലത്തും എറണാകുളത്തും അഞ്ചുപേര്‍ക്ക് വീതവും വയനാട്, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മൂന്നുപേര്‍ക്കുവീതവും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കുവീതവുമാണ് സൂര്യാതപമേറ്റത്.

ജലദൗർലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്കും വിളകൾക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രവർത്തിക്കും. പകർച്ച വ്യാധികൾ തടയുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മറ്റൊരു ടീം

Top