കായംകുളത്ത് പൊലീസുകാരന് ഡ്യൂട്ടിക്കിടെ സൂര്യാതപമേറ്റു

HEAT WAVE

കായംകുളം: കായംകുളത്ത് പൊലീസുകാരന് ഡ്യൂട്ടിക്കിടെ സൂര്യാതപമേറ്റു. ആലപ്പുഴ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ അഗിന്‍ (29 ) ആണ് സൂര്യാതപമേറ്റത്. കട്ടച്ചിറ പള്ളിയിലെ ഡ്യൂട്ടിക്കിടെയാണ് സംഭവം. കൈയില്‍ പൊള്ളലേറ്റ അഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചിരുന്നു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.

അതേസമയം കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്.

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയര്‍ന്നേക്കും. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി വരെയാണ് ചൂടിന്റെ കാഠിന്യമേറുക. 25, 26 തീയതികളില്‍ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം.

സമതല പ്രദേശത്ത് രണ്ട് ദിവസം തുടര്‍ച്ചയായി 40 ഡിഗ്രി ചൂടുണ്ടാകണം. തീരപ്രദേശത്ത് 37 ഡിഗ്രിയും മലയോരത്ത് 30 ഡിഗ്രിയുമാണ് മാനദണ്ഡം. ചൂടു കൂടുന്ന സ്ഥലങ്ങളില്‍ ശരാശരിയില്‍ നിന്നുള്ള വ്യതിയാനം 4.5 ഡിഗ്രി മുതല്‍ 6.4 വരെയായിരിക്കണം.

Top