മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ നടന്ന ആവേശപ്പോരില്‍ നിലവിലെ ജേതാക്കളായ സിറ്റിയെ ടോട്ടനം സമനിലയില്‍ തളച്ചിരുന്നു. ഇരുടീമുകളും മൂന്ന് വീതം ഗോളുകളാണ് അടിച്ചത്. സണ്‍ ഹ്യൂങ് മിന്‍, ലോ സെല്‍സോ, ഡേജന്‍ കുലുസെവ്‌സ്‌കി എന്നിവര്‍ ടോട്ടനത്തിന് വേണ്ടി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫില്‍ ഫോഡന്‍, ജാക് ഗ്രീലിഷ് എന്നിവര്‍ സിറ്റിയ്ക്ക് വേണ്ടി വല കുലുക്കി. സിറ്റിയുടെ ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.
137 സെക്കന്റുകള്‍ക്കുള്ളിലാണ് സണ്‍ ഹ്യൂങ് മിന്‍ ഗോളും സെല്‍ഫ് ഗോളും നേടിയത്. ഇതോടെ ഒരു മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റില്‍ തന്നെ ഗോളും സെല്‍ഫ് ഗോളും നേടുന്ന പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് സണ്‍ ഹ്യൂങ് മിന്‍. മുന്‍ ഇംഗ്ലണ്ട് താരം ഗാരത് ബാരിയാണ് ഈ നേട്ടത്തിനര്‍ഹനാവുന്ന ആദ്യ താരം. 1999 മെയില്‍ ആസ്റ്റണ്‍ വില്ലയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ചാള്‍ട്ടണ്‍ താരമായ ഗാരത് ബാരി ഗോളും സെല്‍ഫ് ഗോളും നേടിയത്.
സിറ്റിയുടെ കോര്‍ണറിന് പിന്നാലെ ആരംഭിച്ച കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് സണ്‍ ഹ്യൂങ് മിന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിന് ശേഷം ഹ്യൂങ് മിന്‍ തന്നെ ഓണ്‍ ഗോളിലൂടെ സിറ്റിയ്ക്ക് സമനില നേടിക്കൊടുത്തു. അല്‍വാരസിന്റെ ഫ്രീകിക്ക് തിരിച്ചുവിടാനുള്ള ശ്രമം താരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് വീഴുകയായിരുന്നു.മത്സരത്തോടെ അപൂര്‍വ റെക്കോര്‍ഡിനുടമയായിരിക്കുകയാണ് ടോട്ടനം ഫോര്‍വേര്‍ഡ് സണ്‍ ഹ്യൂങ് മിന്‍. ടോട്ടനത്തിന് വേണ്ടി ആദ്യം ഗോള്‍ നേടിയ താരമാണ് സണ്‍ ഹ്യൂങ് മിന്‍. സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ആറാം മിനിറ്റിലാണ് ടോട്ടനം ലീഡെടുത്തത്.