ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.
ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെയുമാണ് സ്വാമി കോടതിയെ സമീപിച്ചത്.
നീതിന്യായ മേഖലയുടെ മന്ദഗതിക്കുള്ള ഉത്തമ ഉദാഹരണമായി സുനന്ദ കേസ് മാറുകയാണെന്നും കോടതികളില്‍ നിന്നും ഉദാസീന സമീപനം ഉണ്ടാകുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡല്‍ഹി പോലീസിനെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സിബിഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2014 ജനുവരി 17നാണ് തെക്കന്‍ ദല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.