ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണ കാരണം വിഷവസ്തുവായ പൊളോണിയം ഉള്ളില്‍ ചെന്നല്ലെന്ന് പരിശോധനാ ഫലം.ആന്തരാവയങ്ങളുടെ പരിശോധനാ ഫലം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ദില്ലി പൊലീസിന് കൈമാറി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. തരൂരിനെതിരേ ശക്തമായ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ടെന്നും അറസ്റ്റിനുള്ള സാധ്യതയേറെയാണെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു. നേരത്തേ, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സുനന്ദയുടെ ശരീരത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ഥമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ ശശി തരൂരുമായി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് സുനന്ദയെ മരിച്ചനിലയില്‍ കാണപ്പെടുകയുമായിരുന്നു. ഇതുവരെ ശശി തരൂരിനെ നാലുവട്ടം ചോദ്യം ചെയ്തിട്ടുണ്ട്.
2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.