തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കിംസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സുനന്ദ പുഷ്‌കര്‍ മരിക്കുന്നതിന് മുമ്പ് കിംസില്‍ ചികിത്സ തേടിയതിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്.
സുനന്ദയുടെ മരണകാരണം വിഷപദാര്‍ഥം അകത്തുചെന്നു തന്നെയെന്നും മൃതദേഹത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം കേരളത്തിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
2014 ജനുവരിയിലായിരുന്നു ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശശി തരൂരിന് ഒരു പാകിസ്താനി പത്രപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു ഇത്.
വിഷാദത്തിനുള്ള മരുന്ന് അമിതമായി കഴിച്ചാണ് സുനന്ദ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് റേഡിയോ ആക്ടീവ് വിഷം എന്ന സംശയവും ഉയര്‍ന്നുവന്നു. വിഷം നല്‍കിയതാണെന്ന് പോലീസും ആദ്യമേ സംശയിച്ചിരുന്നു. മരണകാരണം തര്‍ക്കവിഷയമായതോടെയാണ് സുനന്ദയുടെ വന്‍കുടല്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ എഫ്ബിഐക്ക് അയച്ചുകൊടുത്തത്. വിഷം ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു എഫ്ബിഐ പരിശോധനാ ഫലം.