എന്തു ചോദിച്ചാലും ഉത്തരം തരുന്ന ഗൂഗിളില്‍ വിഡ്ഢി എന്ന വാക്കിന്റെ ചിത്രം തിരഞ്ഞാല്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം കാണിക്കുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കന്‍ സെനറ്റര്‍മാര്‍. കഴിഞ്ഞ ദിവസം ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചയെ അമേരിക്കന്‍ സെനറ്റര്‍മാര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ഗൂഗിളിന്റെ ജീവനക്കാര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ തിരച്ചില്‍ ഫലങ്ങളില്‍ ഇടപെടുന്നുവെന്നായിരുന്നാണ് ആരോപണം. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം സോ ലോഫ്‌ഗ്രെനാണ് എന്തുകൊണ്ട് ട്രംപിന്റെ ചിത്രം ഇത്തരത്തില്‍ തിരഞ്ഞാല്‍ ലഭിക്കുന്നുവെന്ന ചോദ്യം ചോദിച്ചത്. സാങ്കേതിക വിശദീകരണമാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പിച്ചെ നല്‍കിയത്.
പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതമാണ് ഉത്തരം നല്‍കുന്നതെന്നും ഇതില്‍ വേറൊരു തരത്തിലുള്ള ഇടപെടലും നടക്കുന്നില്ലെന്നും പിച്ചെ മറുപടി നല്‍കി. എന്നാല്‍ ഇത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.
തിരയല്‍ ഫലങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി ജീവനക്കാരെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. അത് വ്യക്തികള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും പലഘട്ടങ്ങളിലൂടെയാണ് ഗൂഗിള്‍ ഫലം തരുന്നതെന്നുമായിരുന്നു പിച്ചെയുടെ മറുപടി. റിപ്പബ്ലിക്കന്‍ ആരോഗ്യബില്ലിനെ കുറിച്ച് തിരയുമ്പോള്‍ നെഗറ്റീവ് ഫലങ്ങള്‍ ആദ്യം കാണിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങളുണ്ടായി.
എന്ത് വിഷയത്തിലും ഏത് സമയത്തും ഫലം ലഭ്യമാക്കാന്‍ ഞങ്ങള്‍ ശക്തമായ രീതി ഉപയോഗിക്കുന്നു. സാധ്യമായതില്‍ ഏറ്റവും മെച്ചപ്പെട്ടത് നല്‍കുന്നത് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ താത്പര്യമാണിത്. ഞങ്ങളുടെ അല്‍ഗോരിതത്തിന് രാഷ്ട്രീയ വികാരമില്ല -പിച്ചെ വ്യക്തമാക്കി.