സന്‍ഫ്രാന്‍സിസ്കോ: അധികം വൈകാതെ ഗൂഗിള്‍ സെര്‍ച്ചിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂര്‍ണ്ണമായും സംയോജിപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഓപ്പണ്‍ എഐ വികസിപ്പിച്ച ചാറ്റ് ജിപിടിയില്‍ നിന്നും ഗൂഗിള്‍ നേരിടുന്ന മത്സരം ശക്തമാകുന്നതിനിടെയാണ് ഗൂഗിൾ സിഇഒ വാൾ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്.
എഐ സംയോജനം ഗൂഗിള്‍ സെര്‍ച്ചിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും എന്ന് പറഞ്ഞ പിച്ചൈ. എന്നാല്‍ എഐ ചാറ്റ് ബോട്ടുകള്‍ ഗൂഗിളിന് ഭീഷണിയാകും എന്ന വാദങ്ങളെ തള്ളികളഞ്ഞു. ഗൂഗിള്‍ മാതൃ കമ്പനി ആൽഫബെറ്റിന്റെ വരുമാനത്തിന്റെ പകുതിയിലധികം സൃഷ്ടിക്കുന്നത് ഇപ്പോഴും ഗൂഗിള്‍ സെര്‍ച്ചാണ്. പുതിയ എഐ ബോട്ട് പരീക്ഷണങ്ങള്‍ അതിനാല്‍ ഈ ബിസിനസില്‍ മുമ്പത്തേക്കാൾ വലിയ അവസരമാണ് തുറന്നിടുന്നതെന്ന് ഗൂഗിൾ സിഇഒ അഭിമുഖത്തിൽ പറഞ്ഞു.
മനുഷ്യന്റെ സംസാരം പോലെ തന്നെ ഒരോ കാര്യത്തിനും ഉത്തരം നല്‍കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അഥ എല്‍എല്‍എമ്മുകള്‍. ഈ രംഗത്തെ ഗവേഷണത്തില്‍ മുന്‍നിരക്കാരാണ് ഗൂഗിള്‍ എന്നും സുന്ദർ പിച്ചൈ സൂചിപ്പിച്ചു. ഈ രംഗത്തെ പരിചയം ഗൂഗിള്‍ സെര്‍ച്ചിന് പ്രയോജനപ്പെടുത്താന്‍ സാധിക്കും. മനുഷ്യന്‍ ഇടപെടുന്നത് പോലെ ഉത്തരം നല്‍കാന്‍ എല്‍എല്‍എമ്മുകള്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് പിച്ചൈ നല്‍കിയ മറുപടി.
അതേ സമയം ചെലവ് ചുരുക്കാനുള്ള സമ്മർദ്ദത്തില്‍ നില്‍ക്കുന്ന ഗൂഗിളിന് വലിയ വെല്ലുവിളിയാണ് മൈക്രോസോഫ്റ്റ് അടുത്തിടെ ചാറ്റ്ജിപിടി നൽകുന്ന ബിംഗ് സെർച്ച് എഞ്ചിന്‍ അവതരിപ്പിച്ചതിലൂടെ നല്‍കിയത്. വർഷങ്ങളായി ഗൂഗിളിന്റെ പ്രധാന ബിസിനസില്‍ ഒന്നായ സെര്‍ച്ചിന് വലിയ ഭീഷണിയായി ഇതുമാറുന്ന ഘട്ടത്തിലാണ് എഐ രംഗത്ത് പിടിമുറുക്കുമെന്ന് പിച്ചൈ വ്യക്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും, ക്ലൗഡ് കമ്പ്യൂട്ടിംഗിലും മൈക്രോസോഫ്റ്റ് ഉണ്ടാക്കിയ വലിയ മുന്നേറ്റം പോലെ സെര്‍ച്ച് അടക്കം തങ്ങളുടെ മറ്റ് ബിസിനസുകളിലും മൈക്രോസോഫ്റ്റിന്റെ പുതിയ എഐ സംയോജിത പ്രോഗ്രാമുകള്‍ മാറ്റുമെന്നാണ് ഗൂഗിളിന് വെല്ലുവിളിയായി സെർച്ച് എഞ്ചിൻ ലോഞ്ച് ചെയ്തതിന് ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല കഴിഞ്ഞ മാസം പറഞ്ഞത്.