ഗുജറാത്ത്:ഗുജറാത്തില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. സാങ്കേതിക വിദ്യാ രംഗത്ത് അസാധാരണമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത് എന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. വെള്ളിയാഴ്ച വാഷിങ്ടണില്‍ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച പിച്ചൈ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ (GIFT) തങ്ങളുടെ ഗ്ലോബല്‍ ഫിന്‍ടെക്ക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തി. ഒപ്പം 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷന്‍ ഫണ്ട് നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2020 ലാണ് ഗൂഗിള്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷന്‍ ഫണ്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചോ ഏഴോ വര്‍ഷക്കാലത്തെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തത്.പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാട് എറെ മുന്നേറിയെന്നും മറ്റ് രാജ്യങ്ങള്‍ക്ക് അതൊരു മാതൃകയാക്കാവുന്ന ബ്ലൂ പ്രിന്റ് ആണതെന്നും പിച്ചൈ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിന്‍ടെക്ക്, ഗവേഷണങ്ങളുടെ പ്രോത്സാഹനം, വികസനം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സുന്ദര്‍ പിച്ചൈയുമായി മോദി സംസാരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച സുന്ദര്‍ പിച്ചൈ ജി20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം ജി20യില്‍ ഇന്ത്യയ്ക്കുള്ള പിന്തുണയും തുടരുമെന്നും പിച്ചൈ വെള്ളിയാഴ്ച പറഞ്ഞു.