കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍, വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ കെ സി ബി സി. ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍, ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.
വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍, കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്ന് കെസിബിസി ആവശ്യപ്പെട്ടു.