മൂന്നാംഘട്ട ലോക്ക്ഡൗണ്‍; ഞായറാഴ്ച്ചകളിലെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തറക്കി കേരള സര്‍ക്കാര്‍. ഞായറാഴ്ച ദിവസങ്ങളില്‍ ആരോഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പാല്‍, പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഞായറാഴ്ച തുറക്കാന്‍ അനുമതിയുണ്ടാവും. രാവിലെ എട്ട് മുതല്‍ രാത്രി 9 മണിവരെ ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വീസ് നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാനം. രാത്രി പത്ത് മണിവരെ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കും അനുമതിയുണ്ടാവും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതല്‍ 10 മണി വരെ അടച്ചിടുമെന്നും ഉത്തരവിലുണ്ട്.

ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോഗിക്കാനും അനുമതിയുണ്ടാവും എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് മാര്‍ഗനിര്‍ദേശത്തില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ചരക്കു വാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും. മാലിന്യനിര്‍മാര്‍ജനം, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ലോക്ക് ഡൗണ്‍ ഇളവ് ബാധകമാണ്.

Top