ന്യൂഡല്‍ഹി: ജോര്‍ദാനെതിരെ ഈ മാസം 17ന് നടക്കാനിരിക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിന് ക്യാപ്റ്റനും സ്റ്റാര്‍ സ്ട്രൈക്കറുമായ സുനില്‍ ഛേത്രി ഇല്ല. പരുക്ക് മൂലം ഈ മത്സരത്തില്‍ കളിക്കാനാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഐഎസ്എല്ലില്‍ തന്റെ ക്ലബ്ബായ ബംഗളൂരു എഫ്സിക്കായി കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കണംകാലിനു പരുക്കു പറ്റിയത്. 17ന് അമ്മാനിലാണ് ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ പോരാട്ടം അരങ്ങേറുന്നത്.
നവംബര്‍ അഞ്ചിനു കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരു 2-1ന് ജയിച്ച കളിക്കിടെയാണ് 34 കാരനായ ഛേത്രിക്കു പരുക്കേല്‍ക്കുന്നത്. ഈ കളിയില്‍ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേഷ് ജിങ്കന്റെ ടാക്ലിങിലാണ് ഛേത്രിക്കു പരുക്കു പറ്റിയത്.