ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമം; ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തിലാണ് നടരാജനെയും അശ്വിനെയും ചൂണ്ടിക്കാട്ടി ഗവാസ്കറുടെ തുറന്നുപറച്ചില്‍. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമുണ്ടാകാന്‍ ബിസിസിഐ പ്രത്യേക അനുവാദം നല്‍കിയപ്പോൾ സ്വന്തം മകളെ ആദ്യമായി കാണാന്‍ ജനുവരി അവസാനം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് നടരാജന്.

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ സംഘത്തിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് വന്ന നടരാജനെ ട്വന്റി-20 പരമ്പരയ്ക്കായാണ് ടീം ഇന്ത്യ കൂടെക്കൂട്ടിയത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഉടനീളം ഇന്ത്യയുടെ നെറ്റ്‌സ് ബൗളറാകാന്‍ മാനേജ്‌മെന്റ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജനുവരി 19 -ന് മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ. ഐപിഎല്ലിനിടെയാണ് നടരാജന് ആദ്യ കുഞ്ഞ് പിറക്കുന്നത്. ഈ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പ്ലേ ഓഫ് കളിക്കുന്ന തിരക്കിലായിരുന്നു നടരാജൻ. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നായകനും ടീമിലെ അരങ്ങേറ്റക്കാരനും രണ്ടു നിയമമെന്നാണ് ഗവാസ്‌കര്‍ വിലയിരുത്തുന്നത്.

‘ആര്‍ അശ്വിന്‍റെ ബൗളിംഗ് മികവിനെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ ഒരു മത്സരത്തില്‍ തിളങ്ങാനായില്ലെങ്കില്‍ അശ്വിന്‍റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പടും. എന്നാല്‍ ഇതേ നിയമം ടീമില്‍ സ്ഥിര സാന്നിധ്യമായ ചില ബാറ്റ്സ്മാന്‍മാരുടെ കാര്യത്തില്‍ ബാധകമല്ല.’ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

Top