മെല്‍ബണിലെ വിജയം; ഇന്ത്യന്‍ ടീമിന് പ്രൈസ്മണി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സുനില്‍ ഗവാസ്‌കര്‍

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രവിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പ്രൈസ് മണി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സുനില്‍ ഗവാസ്‌കര്‍. കളിയിലെ താരമായ ചാഹലിനും പരമ്പരയിലെ താരമായ ധോണിക്കും ഏകദേശം 35,000 രുപ കൊടുത്തതൊഴിച്ചാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും ടീമിനും പ്രൈസ് മണി ഒന്നും തന്നെ ലഭിച്ചില്ല. പുരസ്‌കാരവിതരണ വേളയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മോശം പെരുമാറ്റം ഇന്ത്യന്‍ നിര നേരിട്ടതെന്ന് ഗവാസ്‌കര്‍ പറയുന്നു.

ലൈവിനിടയില്‍ തന്നെയാണ് സോണിയുടെ കമന്ററേറ്റര്‍ കൂടിയായ ഗവാസ്‌കര്‍ പ്രതിഷേധം അറിയിച്ചത്. ‘എന്തിനാണ് 500 ഡോളര്‍, ടീമിനാണെങ്കില്‍ പണവും നല്‍കിയില്ല. സംപ്രേഷണാവകാശം വിറ്റതിലൂടെ കോടികള്‍ ലഭിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് മാന്യമായ സമ്മാനത്തുക ടീമിന് നല്‍കുന്നില്ല.സ്പോണ്‍സര്‍മാരില്‍ നിന്ന് പണം കിട്ടുന്നത് കളി നടക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് കളിക്കാര്‍ക്ക് തുക നല്‍കണമെന്നും ഗവാസ്‌കര്‍ പ്രതികരിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുളള കായിക ഇനമാണ് ക്രിക്കറ്റ്. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ വരുമാനത്തില്‍ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കളിക്കാര്‍ക്കും ടീമിനും സമ്മാനത്തുക നല്‍കാറുണ്ട്. പുതിയ വിവാദം ക്രിക്കറ്റ് ഓസ്ട്രേലിയയെ വരും ദിവസങ്ങളില്‍ സമ്മര്‍ദത്തിലാക്കുമെന്നാണ് സൂചന. ഏകദിനവും ടെസ്റ്റും നഷ്ടമായതിന്റെ പകയാണ് ഓസീസ് ഇത്തരത്തില്‍ തീര്‍ത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Top