ലോക്ക്ഡൗണ്‍ എന്നെ മടിയനാക്കി, അതാണ് മുഖത്ത് കാണുന്നത്; ആരാധകരെ ഞെട്ടിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഭാര്യയെ കൊണ്ട് മുടിവെട്ടിച്ചും സ്വയം മുടിവെട്ടിയുമെല്ലാം കോലിയും സച്ചിനും റൊണാള്‍ഡോയുമെല്ലാം വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ തലമൊട്ടയടിച്ച് താടി വളര്‍ത്തി വിവിയന്‍ റിച്ചാര്‍ഡ്‌സ് ലുക്കിനെ അനുകരിച്ചാണ് ബൗളിംഗ് ഇതിഹാസം കപില്‍ ദേവ് ആരാധകരെ അമ്പരപ്പിച്ചത്.

എന്നാല്‍ ഇവരെയൊക്കെ മറികടന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. നരച്ച താടി വളര്‍ത്തി തടി കുറച്ച പുതിയ രൂപത്തിലുള്ള ഗവാസ്‌കറെയാണ് ഇപ്പോള്‍ ആരാധകര്‍ കണ്ടത്. ലോക്ക്ഡൗണ്‍ കാലത്ത് താന്‍ അല്‍പം മടിയനായെന്നും അതാണ് മുഖത്തും ശരീരത്തിലുമെല്ലാം കാണുന്നതെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്.

ഇപ്പോള്‍ രാവിലെ വൈകിയെ എഴുന്നേല്‍ക്കാറുള്ളു. താടി വളരുന്നതൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. വൈകുന്നേരങ്ങളില്‍ ടെറസില്‍ നടക്കും. ഇപ്പോള്‍ എനിക്ക് എന്റെ അരങ്ങേറ്റ ടെസ്റ്റിലെ അതേ ശരീര ഭാരമേയുള്ളു. കാരണം, നിയന്ത്രണങ്ങള്‍ കനത്തതോടെ ഭക്ഷണ കാര്യത്തിലും നിയന്ത്രണങ്ങളായി. വൈകുന്നേരങ്ങളില്‍ ടിവി സീരിയല്‍ കാണുന്നതാണ് മറ്റൊരു വിനോദം. സത്യം പറഞ്ഞാല്‍ വീട്ടില്‍ തന്നെ ഇരിക്കുന്നത് ശരിക്കും ആസ്വദിക്കുന്നുണ്ട്-ഗവാസ്‌കര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 35 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24 ലക്ഷം രൂപയും താരം നല്‍കിയിട്ടുണ്ട്.

Top