കൊച്ചി: ബോളിവുഡിലും മോളിവുഡിലും മാധ്യമപ്രവര്‍ത്തന മേഖലയിലുമെല്ലാം ഇപ്പോള്‍ മീ ടു ചലഞ്ച് വ്യാപിച്ചിരിക്കുകയാണ്. സ്ത്രീകള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് പുരുഷന്മാര്‍ പീഡിപ്പിച്ചെന്ന്. എന്നാല്‍ അവള്‍ക്ക് എങ്ങനെയാണ് വേദനിക്കുന്നതെന്ന് അറിയാമോയെന്ന് ചോദിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ്. നാല് കാരണങ്ങളാണ് സുനിത ദേവദാസ് ഇതിനു വിശദീകരണമായി ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ത്രീകൾ പരാതി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. പുരുഷന്മാർ പീഡിപ്പിച്ചെന്ന്, പറ്റിച്ചെന്ന്, ചതിച്ചെന്ന് ….
അപ്പൊ ഉടൻ ആരോപണം വരും. പരസ്പര സമ്മതത്തോടെ ആയിരുന്നു എല്ലാം, ഇപ്പോ അവൾ പരാതി പറയുന്നു എന്ന്.
എങ്ങനെയാണു സ്ത്രീകൾക്ക് വേദനിക്കുന്നത് എന്നറിയാമോ?
പുരുഷന്മാരെ നിങ്ങൾക്കറിയാമോ എങ്ങനെയാണു അവളുടെ ഹൃദയം മുറിപ്പെടുന്നത് എന്ന് ? പൊടിഞ്ഞു തകരുന്നത് എന്ന് ?
1. അധികാരം മിക്കപ്പോഴും പുരുഷന്റെ കയ്യിലാണ്. തൊഴിലിടങ്ങളിൽ അവനാണ് മേധാവി. ആ അധികാരം ഉപയോഗിച്ച് എത്രയോ സ്ത്രീകളെ അവൻ പ്രേമിക്കും. പ്രേമിക്കുക എന്നാണ് വാക്കെങ്കിലും അവളെ ലൈംഗികമായി ഉപയോഗിക്കുന്നു എന്നതാണ് ശരി.
അവൾ വഴങ്ങുന്നുവെങ്കിലും പരസ്പര സമ്മതമൊന്നും ഇതിലില്ല എന്നതാണ് സത്യം. അവൾ പരാതിപ്പെടുന്നത് മിക്കപ്പോഴും അവനു നിരവധി ബന്ധങ്ങൾ ഉണ്ട് എന്ന് തിരിച്ചറിയുമ്പോഴായിരിക്കും. അല്ലെങ്കിലും പിന്നീട് ഇത് ചൂഷണമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ പരാതിപ്പെടും.
ശരീരത്തെ തൃപ്തിപ്പെടുത്തിയത് കൊണ്ട് ഒരു പെണ്ണും തൃപ്തയാവില്ല. അവളുടെ ഇമോഷണൽ നീഡ്‌സ് അവൻ അഡ്രസ് ചെയ്യാത്തിടത്തോളം കാലം അവൾ അസംതൃപ്ത തന്നെ ആയിരിക്കും.
20 അല്ല 200 കൊല്ലം കഴിഞ്ഞാലും അവൾ പരാതിപ്പെടും.
2 . ഒരേ സമയം ഒന്നിലേറെ ബന്ധങ്ങൾ ഒരുമാതിരിപ്പെട്ട ഒരു സ്ത്രീയും അംഗീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. താനുമായി ബന്ധമുണ്ടായിരുന്ന കാലയളവിൽ തന്റെ പുരുഷന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നറിഞ്ഞാൽ മിക്ക സ്ത്രീകൾക്കും അത് വേദനയാണ്.
ചതിക്കപ്പെട്ടു ഫീലിങ്ങിൽ അവൾ എന്നായാലും പരാതിപ്പെടും.
3. നിർബന്ധമായും പരസ്പര സമ്മതമില്ലാതെയും ഉള്ള എല്ലാ ബന്ധങ്ങളും തെറ്റാണ്. അതിൽ പരാതിപ്പെടുന്നതിൽ അത്ഭുതവുമില്ലല്ലോ?
പുരുഷന്മാരെ സ്ത്രീകൾക്ക് വേണ്ടത് :
1 . വിശ്വാസം പരമ പ്രധാനമാണ്. അവൾ ആവശ്യപ്പെടുന്ന വിശ്വാസം നൽകുക. അത് പറ്റുന്നില്ലെങ്കിൽ മുഖത്ത് നോക്കി കാര്യം പറഞ്ഞു അവസാനിപ്പിക്കുക.
2 . ഒരേ സമയം ഒന്നിലേറെ ബന്ധം സൂക്ഷിക്കുന്ന പുരുഷന്മാരെ , ദയവായി അത് അനുവദിക്കുന്ന സ്ത്രീകളുമായി മാത്രം അവരുടെ അറിവോടെ ബന്ധം തുടരുക.അല്ലാതെ നിങ്ങളെ ജീവനെ പോലെ കരുതുന്നവരെ പറ്റിക്കാതിരിക്കുക, ചതിക്കാതിരിക്കുക. നിങ്ങളെ സ്നേഹിച്ച കുറ്റത്തിന്റെ പേരിൽ ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കുക.
3 . ചില സ്ത്രീകൾക്ക് എങ്കിലും സെക്സിനെക്കാളും പ്രണയത്തെക്കാളും പ്രധാനമാണ് അവരുടെ സെക്യൂരിറ്റി ഫീലിംഗ് . പലർക്കും അത് പലതാവും. അത് നിങ്ങൾക്ക് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കു. ചിലർക്ക് ഉപേക്ഷിക്കപ്പെടില്ല എന്ന ഉറപ്പാവും, ചിലർക്ക് തന്റെ പുരുഷൻ എന്ന വിശ്വാസമാവും …… എന്തുമാവാം…..
4 . പരസ്പര സമ്മതവും തുറന്ന സംസാരവുമാണ് ഏറ്റവും പ്രധാനം. നാളെ പരാതിയുമായി വരുന്നത് നിങ്ങൾ അവളെ കേൾക്കാൻ തയ്യാറല്ലാത്തതു കൊണ്ട് കൂടിയാണ്. നല്ല ശ്രോതാവ് കൂടി ആവൂ.
സ്ത്രീകൾ പലരും ഇമോഷണൽ റാണിമാരാണ്. അവരെ ക്ഷമയോടെ കേൾക്കാനും സ്നേഹിക്കാനും നിങ്ങൾക്ക് വയ്യെങ്കിൽ അവരെ അവരുടെ പാട്ടിനു വിട്ടേക്ക്.
എല്ലാ മീ ടൂ പെണ്ണുങ്ങൾക്കും ഒപ്പം. യുക്തി നോക്കാതെ നിൽക്കുന്നു.
കാരണം അവരുടെ നുറുങ്ങിയ ഹൃദയം എനിക്ക് കാണാം.
Sunitha Devadas