തന്റേതെന്ന പേരില്‍ പ്രചരിച്ച നമ്പര്‍ മൂലം വെട്ടിലായ യുവാവിനോട് മാപ്പ് പറഞ്ഞ് നടി സണ്ണി ലിയോണ്‍. അര്‍ജുന്‍ പാട്യാല എന്ന സിനിമയില്‍ സണ്ണിയുടെ ഫോണ്‍ നമ്പര്‍ എന്ന പേരില്‍ പ്രചരിച്ച നമ്പറാണ് വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാളിനെ വെട്ടിലാക്കിയത്. സൂം ടിവി-ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുനീതിനോട് സണ്ണി ലിയോണ്‍ മാപ്പു പറഞ്ഞത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു.
സിനിമ കണ്ടിറങ്ങിയവര്‍ അത് സണ്ണിയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ വിളിക്കുകയായിരുന്നു. ഫോണ്‍വിളികൊണ്ട് പൊറുതിമുട്ടിയ പുനീത് മയൂര എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്.
അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല, ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പര്‍ തന്നെ. അതുകൊണ്ട് ഒഴിവാക്കാനും നിവൃത്തിയില്ല. ഇതിനെ ഒരു ക്രിമിനല്‍ കേസായി കരുതാനാവില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിവില്‍ കേസായി പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു.