സണ്ണി ലിയോണിന്റെ സന്ദര്‍ശനത്തില്‍ റോഡില്‍ ഗതാഗതകുരുക്ക്, സംഘാടകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: എം.ജി. റോഡിലെ സ്വകാര്യ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ബോളീവുഡ് നടി സണ്ണി ലിയോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ റോഡില്‍ ഗതാഗതകുരുക്ക് ഉണ്ടാക്കിയതിനാണ് സിറ്റി പൊലീസ് കേസെടുത്തത്.

ഇത് കൂടാതെ ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും അനധികൃത പാര്‍ക്കിംഗ് നടത്തിയതിന് 167 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സണ്ണി ലിയോണ്‍ എം.ജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. സണ്ണി ലിയോണിനെ ഒരുനോക്കു കാണുന്നതിനായി ആയിരങ്ങള്‍ ഇവിടെ തടിച്ചു കൂടിയിരുന്നു.

തിരക്കു മൂലം പലപ്പോഴും എം.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടു. എസ്.ബി.ഐ ശാഖയുടെ മുകളിലും അതുവഴി കടന്നുപോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരുനോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി.

Top