ഇന്ത്യൻ പ്രീമിയർ ലീഗിൽ തലവര മാറ്റനൊരുങ്ങുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. അവസാന സീസണിൽ എട്ടാം സ്ഥാനത്തേക്ക് വീണതോടെ ടീം അടിമുടി പൊളിച്ചെഴുതി. ദക്ഷിണാഫ്രിക്കൻ ടി20 ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് ഹൈദരാബാദിനെ നയിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ പരിശീലകനായി എത്തുവെന്ന പ്രത്യേകതയും ഹൈദരാബാദിനുണ്ട്. ഹൈദരാബാദിന്റെ സ്ഥിരം താരങ്ങളായിരുന്ന ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, റാഷിദ് ഖാൻ എന്നിവരൊന്നും ടീമിനൊപ്പമില്ല. പുതിയ സീസണിൽ ഗംഭീര തുടക്കമാണ് ഹൈദരാബാദ് ആഗ്രഹിക്കുന്നത്. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ആദ്യ മത്സരം. ടീമിന്റെ ശക്തി ദൗർബല്യങ്ങൾ പരിശോധിക്കാം…
ബാറ്റിംഗ് കരുത്ത്
ഇംഗ്ലണ്ടിന്റെ പുത്തൻ സെൻസേഷൻ ഹാരി ബ്രൂക്കാണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം. ടെസ്റ്റിലും ടി20 ശൈലിയിൽ ബാറ്റ് വീശുന്ന ബ്രൂക്ക് ഇതിനോടകം ക്രിക്കറ്റ് നിരീക്ഷകരുടെ ഓമന പുത്രനായി. ക്യാപ്റ്റൻ മാർക്രവും ഉഗ്രൻ ഫോമിലാണ്. ഓവർസീസ് താരങ്ങളായ ഇരുവർക്കും ടീമിൽ സ്ഥാനമുറപ്പാണ്. വിദേശതാരങ്ങളിൽ മൂന്നാമനായി ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് വീരൻ ഹെന്റിച്ച് ക്ലാസൻ ഇടം പിടിച്ചേക്കും. അല്ലെങ്കിൽ മറ്റൊരാൾ ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലപ്പാണ്. ഇരുവരും വിക്കറ്റ് കീപ്പർമാരുമാണന്നതിനാൽ മത്സരം കടുക്കും. അഭിഷേക് ശർമയും മായങ്ക് അഗർവാളും ഓപ്പണർമാരായേക്കും. രാഹുൽ ത്രിപാഠിയും സ്ഥാനമുറപ്പിക്കും. ഇവരായിരിക്കാം ബാറ്റിംഗ് നിരയിലെ പ്രധാനികൾ. വാഷിംഗ്ടൺ സുന്ദറിന്റെ ഓൾറൗണ്ട് മികവും ഗുണം ചെയ്യും.
ബൗളിംഗ് ശക്തി
ബൗളിംഗ് വകുപ്പിൽ ഇന്ത്യൻ താരങ്ങളാണ് ടീമിന്റെ ശക്തി. ഉമ്രാൻ മാലിക്ക്, ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവർ ടീമിൽ സ്ഥാനമുറപ്പിച്ചേക്കും. ബൗളിംഗിലെ വിദേശി മാർകോ ജാൻസനായിരിക്കും. വാഷിംഗ്ടൺ സുന്ദറിന് സ്പിൻ എറിയേണ്ട ചുമതലയും കാണും. മാർക്രം സുന്ദറിനെ സഹായിക്കാനുണ്ടാവും. വിദേശ സ്പിന്നർമാരായ ആദിൽ റഷീദ്, അകെയ്ൽ ഹുസൈൻ എന്നിവരും ടീമിലുണ്ട്. എന്നാൽ പ്ലയിംഗ് ഇലവനിൽ ഇടം കണ്ടെത്തുക പ്രയാസമായിരിക്കും.
ദൗർബല്യം
മായങ്ക് അഗർവാളും രാഹുൽ ത്രിപാഠിയും മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച ഇന്ത്യൻ താരങ്ങൾ. മറ്റുള്ളവർക്കൊന്നും അന്താരാഷ്ട്ര മൽസരങ്ങൾ കളിച്ച അനുഭവസമ്പത്തില്ല. മികച്ച സ്പിന്നർമാരും കുറവാണ്. പ്ലയിംഗ് ഇലവനിൽ ഇടം കണ്ടെത്താൻ സാധ്യതയുള്ള സ്‌പെഷ്യലിസ്റ്റ് സ്പിന്നർ സുന്ദർ മാത്രമാണ്. ആദിൽ റഷീദ്, അകെയ്ൽ ഹുസൈൻ എന്നിവരിൽ ഒരാളെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ വിദേശ ബാറ്റർമാരിൽ ഒരാളെ ഒഴിവാക്കേണ്ടി വരും. നായകനെന്ന നിലയിൽ മാർക്രമിന്റെ പരിചയക്കുറവ് പരീക്ഷിക്കപ്പെടും. സുന്ദറിനെ മാറ്റിനിർത്തിയാൽ ലക്ഷണമൊത്ത ഒരു ഓൾറൗണ്ടർ ടീമിലില്ല. മാർക്രത്തിനൊപ്പം അഭിഷേകിനേയും പരീക്ഷിക്കേണ്ടി വരും.
സൺറൈസേഴ്‌സ് ഹൈദരാബാദ് സാധ്യതാ ഇലവൻ: അഭിഷേക് ശർമ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, വാഷിംഗ്ടൺ സുന്ദർ, മാർകോ ജാൻസൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ.
സൺറൈസേഴ്‌സ് ഹൈദരാബാദ് മുഴുവൻ സ്‌ക്വാഡ്
അബ്ദുൾ സമദ്, ഉമ്രാൻ മാലിക്ക്, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, കാർത്തിക് ത്യാഗി, ടി നടരാജൻ, ഭുവനേശ്വർ കുമാർ, എയ്ഡൻ മാർക്രം, മാർകോ ജാൻസെൻ, ഗ്ലെൻ ഫിലിപ്‌സ്, ഫസൽഹഖ് ഫാറൂഖി, ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, ഹെന്റിച്ച് ക്ലാസൻ, ആദിൽ റഷീദ്, മായങ്ക് മർകണ്ഡെ, വിവ്രാന്ത് ശർമ, സമർത്ഥ് വ്യാസ്, സൻവീർ സിംഗ്, ഉപേന്ദ്ര സിംഗ് യാദവ്, മായങ്ക് ദാഗർ, നിതീഷ് കുമാർ റെഡ്ഡി, അകെയ്ൽ ഹുസൈൻ, അൻമോൽപ്രീത് സിംഗ്.