പഞ്ചാബിനെതിരെ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈഴ്സ് ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഒടുവില്‍ ഓറഞ്ച്പട വിജയമധുരം നുണഞ്ഞു. തുടര്‍ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി വിജയക്കുതിപ്പ് തുടരാനെത്തിയ പഞ്ചാബ് ആദ്യ തോല്‍വിയറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പടുത്തുയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് കൂട്ടായ ശ്രമത്തിലൂടെ മറികടന്നു. പുറത്താകാതെ 48 പന്തില്‍ 74 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന് ആദ്യ ജയം സമ്മാനിച്ചത്.

21 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും വിജയത്തില്‍ ത്രിപാഠിക്ക് കൂട്ടായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. നേരത്തെ ശിഖര്‍ ധവാന്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്റെ കരുത്തിലാണ് പഞ്ചാബ് 143 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 143-9, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓവറില്‍ 17.1 ഓവറില്‍ 145-2.

ചെറിയ വിജയലക്ഷ്യമായിരുന്നെങ്കലും ഇത്തവണയും ഹൈദരാബാദിന്‍റെ തുടക്കം പിഴച്ചു. സ്കോര്‍ 27ല്‍ നില്‍ക്കെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്(14 പന്തില്‍ 13)അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ ബൗള്‍ഡായി പുറത്തായി. അധികം വൈകാതെ മായങ്ക് അഗര്‍വാളും(20 പന്തില്‍ 21)വീണെങ്കിലും ഒരറ്റത്ത് തകര്‍ത്തടിച്ച രാഹുല്‍ ത്രിപാഠി ഹൈദരാബാദിന്റെ റണ്‍ റേറ്റ് ഉയരാതെ കാത്തു. ക്യാപ്റ്റന്‍ എയ്ഡ്ന്‍ മാര്‍ക്രത്തെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ത്രിപാഠി തകര്‍ത്തതടിച്ചതോടെ ഹൈദരാബാദിന്റെ സമ്മര്‍ദ്ദമൊഴിഞ്ഞു. ഒമ്പതാം ഓവറില്‍ 50 കടന്ന ഹൈദരാബാദ് പതിനഞ്ചാം ഓവറില്‍ മൊഹിത് റാത്തീക്കെതിരെ 21 റണ്‍സടിച്ചാണ് 100 കടന്നത്. 35 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ത്രിപാഠി ക്രീസിലുറച്ചതോടെ ഹൈദരാബാദ് അനായാസം ലക്ഷ്യത്തിലെത്തി. സീസണില്‍ ഹൈദരാബാദിന്റെ ആദ്യ ജയവും പഞ്ചാബിന്റെ ആദ്യ തോല്‍വിയുമാണിത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ 66 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു. 88-9 എന്ന നിലയില് തകര്‍ന്ന പഞ്ചാബ് 100 കടക്കില്ലെന്ന് കരുതിയെങ്കിലും അവസാവ വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ധവാനും മൊഹിത് റാത്തീയും ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇതില്‍ റാത്തീയുടെ സംഭാവന ഒരു റണ്‍സ് മാത്രമായിരുന്നു.

ധവാന് പുറമെ 22 റണ്‍സെടുത്ത സാം കറന്‍ മാത്രമെ പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സ് അടിച്ച ധവാന് ഒരു റൺസ്‌ അകലെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നഷ്ടമായി. 15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മായങ്ക് മാര്‍ക്കണ്ഡെ ആണ് പഞ്ചാബിനെ തകര്‍ത്തത്. ഉമ്രാന്‍ മാലിക്കും മാര്‍ക്കോ ജാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹൈദാരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 15 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സന്‍ മൂന്നോവറില്‍ 16 റണ്‍സിനും ഉമ്രാന്‍ മാലിക് നാലോവറില്‍ 32 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

Top