സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി, സഹപരിശീലകന്‍ രാജിവെച്ചു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണ്‍ ആരംഭിക്കും മുമ്പേ തന്നെ മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കനത്ത തിരിച്ചടി. ടീമിനുള്ളിലെ പൊട്ടിത്തെറിയെത്തുടര്‍ന്നു സഹപരിശീലകന്‍ സൈമണ്‍ കാറ്റിച്ച് രാജിവച്ചു. മെഗാ താരലേലത്തില്‍ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കണമെന്നതു സംബന്ധിച്ചു തന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരനാണ് താരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും വിലയേറിയ താരം. 10 കോടി രൂപയാണ് പൂരനു വേണ്ടി അവര്‍ ചിലവഴിച്ചത്. പൂരനു പുറമേ ഇന്ത്യന്‍ താരങ്ങളായ ടി. നടരാജന്‍, രാഹുല്‍ ത്രിപാഠി, വിദേശ താരങ്ങളായ റൊമാരിയോ ഷെഫേര്‍ഡ്, എയ്ഡന്‍ മര്‍ക്രം, മാര്‍ക്കോ ജാന്‍സന്‍, ഷോണ്‍ അബോട്ട്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെയാണ് അവര്‍ ലേലത്തില്‍ സ്വന്തമാക്കിയത്.

മര്‍ക്രം, ജാന്‍സന്‍ എന്നീ താരങ്ങളെ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് കാറ്റിച്ചിനെ ടീം വിടാന്‍ പ്രേരിപ്പിച്ചത്. ഇവരെ ടീമിലെടുക്കുന്നിതിനോടു കാറ്റിച്ചിന് യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ ഇവരെ എന്തുകൊണ്ട് സ്‌ക്വാഡിലേക്ക് എടുത്തെന്നതു സംബന്ധിച്ച് ടീം മാനേജ്‌മെന്റ് വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കാറ്റിച്ചിന്റെ രാജി.

Top