Super stars-enforcement rade-Dileep-Mohanlal-Mammootty

തിരുവനന്തപുരം: പ്രമുഖ സിനിമാ താരങ്ങളുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും സ്വീകരിച്ച നടപടികള്‍ സിബിഐ പരിശോധിക്കും. റെയ്ഡിന് ശേഷം അണിയറയില്‍ ഒത്തുകളി നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണിത്. സിബിഐ ഡയറക്ടറേറ്റിന്റെ
നിര്‍ദേശ പ്രകാരമാണ് അന്വേഷണം.

വിവിധ ഘട്ടങ്ങളിലായി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും മുന്‍പ് നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും തുടര്‍നടപടികളുമാണ് പരിശോധിക്കുന്നത്. കണക്കില്‍ പെടാത്ത വലിയ രൂപത്തിലുള്ള സാമ്പത്തിക ഇടപാട് ഇവിടങ്ങളില്‍ നടന്നതായി കണ്ടെത്തിയിരുന്നെങ്കിലും തുടര്‍നടപടി കാര്യമായി മുന്നോട്ട് പോയിരുന്നില്ല.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് അടക്കമുള്ളവ കണ്ടെത്തി വനംവകുപ്പിന് കൈമാറിയിരുന്നുവെങ്കിലും സാമ്പത്തിക ഇടപാട് സംബന്ധിച്ച ‘അവ്യക്തത’ ഇപ്പോഴും തുടരുകയാണ്.

പ്രതിഫലതുകയില്‍ മാത്രമല്ല വിദേശങ്ങളിലെ റിലീസുമായി ബന്ധപ്പെട്ടും വലിയ രൂപത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് – കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

വിദേശത്തെ ‘താരഷോ’കളുടെ മറവില്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള നടപടികള്‍ ചില സംഘാടകര്‍ നടത്തിയിട്ടുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.

അനധികൃത സമ്പാദ്യം കണ്ടെത്തിയ താരങ്ങള്‍ക്ക് ചുമത്തിയ ‘പിഴ’യുടെ കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്തിട്ടുണ്ടോ എന്നതാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥ തല അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ – ഐബി മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്.

ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതും നടപടി സ്വീകരിക്കുന്നതും സിബിഐ ആണ്. പലപ്പോഴും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ശക്തമായ നടപടികള്‍ മുന്‍കാലങ്ങളില്‍ നടന്നിരുന്നില്ല. ഇക്കാര്യത്തിലാണ് ഭരണമാറ്റത്തെ തുടര്‍ന്ന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

കള്ളപ്പണം പിടികൂടുന്നതിനും നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനും ശക്തമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടനിലക്കാരുമായി ഒത്തുകളിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നേരറിയാന്‍ സിബിഐ എത്തുന്നത്.

Top