ആഗോളതലത്തില്‍ ഏറ്റവും പേരുകേട്ട സൂപ്പര്‍ബൈക്കുകളില്‍ ഒന്നായ കവാസാക്കി നിഞ്ച ZX-10R 2018 ന്റെ ബുക്കിംഗ് ആരംഭിച്ചു. കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും മൂന്നു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ചു പുതിയ സൂപ്പര്‍ബൈക്കിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.
ഇതുവരെയും പൂര്‍ണ ഇറക്കുമതി മോഡലായാണ് നിഞ്ച ZX-10Rനെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത്തവണ ചിത്രം വ്യത്യസ്തമാണ്. പ്രാദേശികമായി അസംബിള്‍ ചെയ്ത നിഞ്ച ZX-10R സൂപ്പര്‍ബൈക്കുകളാണ് വിപണിയില്‍ വന്നെത്തുക. പൂനെ നിര്‍മ്മാണശാലയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നിഞ്ച ZX-10Rവിപണിയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ കവാസാക്കി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ജൂലായ് രണ്ടാം പാദത്തോടെ മോഡലിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10Rല്‍ ഇടംപിടിക്കും. ചുരുക്കി പറഞ്ഞാല്‍ സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) മോഡലാണ് പുതിയ ZX-10R. ഇക്കാരണത്താല്‍ ബൈക്കിന്റെ വില ഗണ്യമായി കുറയും. പുതിയ കവാസാക്കി നിഞ്ച ZX-10Rന് 18 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.
ബിഎംഡബ്ല്യു S1000RR, യമഹ YZF-R1, ഹോണ്ട CBR1000RR മോഡലുകളാണ് കവാസാക്കി നിഞ്ച ZX-10Rന്റെ എതിരാളികള്‍.