വിരമിക്കല്‍ പദ്ധതി വെളിപ്പെടുത്തി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്ലബ് ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇനി യൂറോപ്പിലേക്കില്ലെന്നും നിലവിലെ ക്ലബായ അല്‍ നസറില്‍നിന്ന് തന്നെയാകും ക്ലബ് ഫുടബോളിനോട് വിട പറയുകയെന്നും താരം പറഞ്ഞു. സൗദി സ്‌പോര്‍ട്‌സ് മീഡിയ ഫെഡറേഷന്‍ മെമ്പറിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് ക്രിസ്റ്റ്യാനോ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി അറേബ്യന്‍ പ്രോ ലീഗിലേക്ക് ചുവടുമാറുന്നത്. 38 കാരനായ താരത്തെ റെക്കോഡ് തുകയ്ക്കായിരുന്നു അല്‍ നസര്‍ തട്ടകത്തിലെത്തിച്ചത്. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോയ്ക്ക് 2025 വരെയാണ് കരാര്‍. ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞ 33 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. എന്ന് വിരമിക്കുമെന്ന ചോദ്യത്തിന് രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കളത്തിലുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് താരം പറഞ്ഞു. ഫുടബോള്‍ ജീവിതം അവസാനിച്ചാല്‍ മാഡ്രിഡിലായികും തന്റെ ശിഷ്ടകാലം കഴിയുകയെന്നും മുന്‍ റയല്‍ മാഡ്രിഡ് താരം പറഞ്ഞതായി മാഡ്രിഡ് എക്‌സ്ട്ര റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്റ്റ്യാനോയുടെ സൗദി ലീഗിലേക്കുള്ള ചുവടുമാറ്റം നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നെങ്കിലും യൂറോപ്പ്യന്‍ ക്ലബ്ബുകളില്‍ നിന്നുള്ള നിരവധി താരങ്ങളാണ് പിന്നീട് മിഡില്‍ ഈസ്റ്റിലേക്ക് എത്തിയത്. നെയ്മര്‍, കരിം ബെന്‍സെമ, സാദിയോ മാനെ തുടങ്ങിയ താരങ്ങള്‍ നിലവില്‍ സൗദി ലീഗിലെ ക്ലബ്ബു കളിലാണ്.

 

Top