സാന്റിയാഗോ: ബയേണ്‍ മ്യൂണിക്കില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും , റയലിലേയ്ക്ക് തിരിച്ചു വരവില്ലെന്നും മുന്‍ റയല്‍ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസ്.
കഴിഞ്ഞ വര്‍ഷമാണ് രണ്ടു വര്‍ഷത്തെ കരാറില്‍ ജെയിംസ് റോഡ്രിഗസ് ബയേണ്‍ മ്യൂണിക്കിലേയ്ക്ക് എത്തിയത്.
മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അവസരങ്ങള്‍ ലഭിക്കാത്തതിനാലാണ് റയലില്‍ നിന്നും വിടാന്‍ കാരണമെന്ന് താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.
അതേ സമയം രണ്ടു വര്‍ഷ കാലയളവ് 2019ല്‍ അവസാനിക്കുമ്പോള്‍ ബയേണ്‍ മ്യൂണിക്കില്‍ സ്ഥിരം സാന്നിധ്യമാകാനാണ് താല്‍പര്യമെന്ന് ജെയിംസ് റോഡ്രിഗസ് അറിയിച്ചു.
ഈ വര്‍ഷം ബയേണിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം നേടുമെന്നും ജെയിംസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ബയേണും റയല്‍ മഡ്രിഡും ഒരേ മനോഭാവമുള്ള ടീമുകളാണെന്നു പറഞ്ഞ ജെയിംസ് കിരീടങ്ങള്‍ നേടാനും നിലനിര്‍ത്താനും പോരാടുന്ന കാര്യത്തിലും ഇരു ടീമുകള്‍ക്കും ഒരേ മനസാണെന്നും അറിയിച്ചു.
ബുണ്ടസ് ലിഗയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബയേണ്‍ ഇപ്പോള്‍ പതിനൊന്നു പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്താണ്.
ആന്‍സലോട്ടിക്കു പകരം യപ്പ് ഹൈങ്ക്‌സ് സ്ഥാനമേറ്റെടുത്ത ശേഷം മികച്ച ഫോമിലാണ് ബയേണ്‍ മ്യൂണിക്.