മന്ത്രവാദം, അന്ധവിശ്വാസം, സദാചാര ഗുണ്ടായിസം എന്നിവ തടയാന്‍ നിയമം; റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉള്‍പ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മ്മാണ ശുപാര്‍ശകളുമായി നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ സമാഹൃത റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിയമ മന്ത്രി പി. രാജീവ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.

സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമം നിര്‍മ്മിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആള്‍ക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്‌സ് അസാസിയേഷനുകളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിര്‍മ്മാണത്തിനുള്ള 12 ബില്ലുകള്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള ഒരു ബില്ല്, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന നാല് ബില്ലുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നാല് ബില്ലുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍, ലോ സെക്രട്ടറി ഹരി വി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Top