കോഴിക്കോട്: സപ്ലൈകോ ഓണ്‍ലൈന്‍ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍. നവീകരണം നടത്തിയ കൊയിലാണ്ടി തുറയൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പുതിയ സമ്പ്രദായങ്ങളും സംവിധാനങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ കച്ചവടം ആരംഭിച്ചിരിക്കുന്നത്.
മാവേലി സ്റ്റോര്‍, സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായത്. സപ്ലൈകോ മുഖേന വിപണനം ചെയ്യുന്ന 14 സബ്‌സിഡി ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ലക്ഷ്യം നടപ്പിലാക്കാനായതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 38 പഞ്ചായത്തുകളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇതില്‍ ഇനി ഏഴ് പഞ്ചായത്തുകളില്‍ കൂടി സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍ തുറക്കാന്‍ ഉള്ളൂ.
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഇവിടെയും ആരംഭിക്കുന്നതോടെ പൊതുവിതരണ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും കേരളം മുഴുവന്‍ ഉറപ്പു വരുത്തകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവശ്യ വസ്തുക്കള്‍ക്ക് കമ്പോള വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ സാധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.