റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെപ്പോലെ ദുരിതമനുഭവിക്കുന്ന ജനതയെ കണ്ടിട്ടില്ല; ഗുട്ടറസ്‌

ന്യൂഡല്‍ഹി: ബംഗ്ലാദേശ് റൊഹിങ്ക്യ വിഷയത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. മ്യാന്മറിനു മേല്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റൊഹിങ്ക്യരെപ്പോലെ ഇത്രയധികം വിവേചനം അനുഭവിക്കുന്ന ഒരു വിഭാഗത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്. മ്യാന്മറില്‍ റൊഹിങ്ക്യകളെ കൈകാര്യം ചെയ്യുന്ന രീതി വളരെ മൃഗീയമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഗുട്ടറസ് പറഞ്ഞു.

ഭീകരവാദത്തെ നിര്‍വ്വചിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി തുറന്നു പറഞ്ഞു. ഭീവ്രവാദം വളരെ നാടകീയമായ ഒന്നാണെന്നും പലവിധ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗുട്ടറസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭ ഭീകരവാദത്തിനെതിരെ വലിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘവും യുഎന്നിനുണ്ട്. ഭീകരവാദം മാത്രമല്ല, തീവ്രവാദത്തിനെതിരെയും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 38 സംഘടനകളാണ് ഈ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുന്നത്.

വിവിധ പ്രശ്‌നങ്ങളില്‍ ഇഴുകിച്ചേരുന്ന ഒന്നാണ് തീവ്രവാദം. അതുകൊണ്ടു തന്നെ പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ എന്നും മുന്‍ നിരയില്‍ തന്നെയുണ്ട്. ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഇക്കാര്യത്തില്‍ സംഘടന നല്‍കുമെന്ന് ഗുട്ടറസ് പറഞ്ഞു.

ബഹുസ്വരത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്. കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിന്റെ കാര്യത്തിലും ഇന്ത്യ നല്‍കുന്ന സംഭാവന ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. ബഹുധ്രുവ ലോക നിര്‍മ്മാണത്തിനും അതുവഴി ജനാധിപത്യ സംരക്ഷണത്തിനും ഇന്ത്യ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. യുഎന്‍ പൊതു സമ്മേളനത്തില്‍ ഇതേ ആശയം മുന്‍ നിര്‍ത്തി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഊര്‍ജ്ജോല്‍പ്പാദനം വളരെയധികം ഉള്ള രാജ്യങ്ങള്‍ അത് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാന്‍ തയ്യാറാകാറില്ല. ലോകം നേരിടുന്ന വലിയ പ്രതിസന്ധി സഹകരണമില്ലായ്മയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. അത് ലോകരാജ്യങ്ങളെ എല്ലാം ഒരു പോലെ ബാധിക്കും. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനം ഈ രംഗത്ത് ആവശ്യമാണെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Top