പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ; ഹൗസ് സര്‍ജന്‍മാരും ഇന്ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഇന്ന് സ്തംഭിക്കും. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും ഇന്ന് പണിമുടക്കും. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും.

അത്യാഹിത വിഭാഗങ്ങള്‍ ബഹിഷ്‌കരിച്ചു കൊണ്ടുള്ള പി.ജി ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നതിനിടെയാണ് ഹൗസ് സര്‍ജന്‍മാരും സമരത്തിനിറങ്ങുന്നത്. ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്‌കരിക്കും. കോവിഡ് ഡ്യൂട്ടി നിര്‍വഹിക്കും.

മിക്ക മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളംതെറ്റിയ നിലയിലാണ്. എന്നിട്ടും സമരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപക സംഘടനകളും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. പി.ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്.

സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാരിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ശമ്പള വര്‍ധനവിലെ അപാകതകള്‍ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നില്‍പ്പ് സമരവും ആറാം ദിവസത്തിലേക്ക് കടന്നു.

 

Top