ജോഡോ യാത്രക്ക് കർഷക സംഘടനകളുടെ പിന്തുണ; രാഹുലിനെ സന്ദർശിച്ച് ടിക്കായത്

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കർഷക സംഘടനകളുടെയും വൻ പിന്തുണ. രാഹുലിന്റെ യാത്രക്ക് പിന്തുണ അറിയിക്കാനായി ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവർ നേരിട്ടെത്തി. രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് സ്നേഹവും പങ്കിട്ട ശേഷമാണ് ടിക്കായത്ത് മടങ്ങിയത്. ഭാരത് ജോഡോ യാത്രക്ക് കർഷകരുടെ പിന്തുണയറിക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടിക്കായത്ത് രാഹുലിന്റെ യാത്രക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തി രാഹുലിനെ കണ്ടതും കർഷകരുടെ പിന്തുണ അറിയിച്ചതും.

അതേസമയം ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്പന്നരാണെന്നും ഇതിന് കാരണം കേന്ദ്ര സർക്കാരിന്റെ നടപടികളാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യിൽ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ കാരണം. ഇതിന് പരിഹാരം കാണാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വാമി നാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് പരിഗണിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. റിപ്പോർട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ലെന്നും കമ്മീഷൻ നിർദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്നുമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യങ്ങളോടും രാഹുൽ പ്രതികരിച്ചിരുന്നു. ഇത്തരം ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാൻ ആണെന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ പ്രതികരിച്ചത്. തെക്കൻ സംസ്ഥാനങ്ങളെക്കാൾ കൂടുതൽ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയിൽ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മാധ്യമങ്ങൾ കാണുന്ന രാഹുൽ അല്ല താൻ. ബിജെപി കാണുന്ന രാഹുലും അല്ല. താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കിൽ ഹിന്ദു ധർമ്മം പഠിക്കണമെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നു.

Top