രാഷ്ട്രപതി തെരഞ്ഞെടുപ്പ്, പിന്തുണ രാംനാഥ് കോവിന്ദിന് തന്നെയെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് തന്നെയെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ആര്‍ജെഡി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനിടെ ലാലുപ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷം ബിഹാറിന്റെ പുത്രിയെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് തോല്‍ക്കാനാണെന്നും നിതീഷ് കുറ്റപ്പെടുത്തി.

ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മീരാകുമാര്‍. എന്നാല്‍ ബീഹാറിന്റെ പുത്രി മീരാകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് തോല്‍ക്കാനാണ്. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വീഴ്ച പറ്റി. സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമായിരുന്നുവെന്നും നിതീഷ് വ്യക്തമാക്കി.

ബിഹാറില്‍ നിന്നുള്ള മീരാകുമാറിനെ സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു തള്ളിയാണ് നിതീഷിന്റെ പ്രതികരണം.

Top