മുത്തലാഖ്: സുപ്രീംകോടതി വിധിയെ സി.പി.എം സ്വാഗതം ചെയ്യുന്നുവെന്ന് എം.എ.ബേബി

തിരുവനന്തപുരം: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ പതിറ്റാണ്ടുകളായി നീതിക്കു വേണ്ടി ഉയര്‍ത്തിയ ശബ്ദം ഇന്ന് പരമോന്നത കോടതി കേട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടക്കുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും സി.പി.എമ്മിന്റെ പിന്തുണയുണ്ട്. വിവിധ മത ഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടുകയാണ്. കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശം ഈ വ്യാഖ്യാനങ്ങളിലൂടെ നിഷേധിക്കപ്പെടുന്നു. തുല്യസ്വത്തവകാശത്തിനായും ഉള്ള ശബ്ദം ഉയരേണ്ടിയിരിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഭിന്നവിധിയോടെയാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മുസ്‌ളിം വിവാഹമോചനത്തിന് അടുത്ത ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റിനോട് നിയമം പാസാക്കാനും ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ മുത്തലാഖിന് അനുകൂല നിലപാട് എടുത്തപ്പോള്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്.നരിമാന്‍, യു.യു.ലളിത് എന്നിവര്‍ വിയോജിച്ചു.

Top