ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയില്‍ രാത്രിയിൽ നടന്നത് മാരത്തോൺ വാദം

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ തുടങ്ങാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ സുപ്രീം കോടതിയില്‍ അര്‍ധ രാത്രിയില്‍ വാദം തുടര്‍ന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ തന്റെ വാദങ്ങള്‍ ഉന്നയിച്ചു. ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവില്‍ ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു എത്തി.

കേവല ഭൂരിപക്ഷം ഉള്ളവരെയോ, ഏറ്റവും വലിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തെയോ ആണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്.എന്നാല്‍ ഗവര്‍ണര്‍ ഇതൊന്നും വകവയ്ക്കാതെയാണ്‌ ബിജെപിയെ ക്ഷണിച്ചിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അഭിഷേക് സിംഗ്വി വ്യക്തമാക്കി.

ഗവര്‍ണര്‍ ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യ കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിനു കൈമാറി. ഇന്ന്‌ പുലര്‍ച്ചെ കോടതി ഹര്‍ജിയില്‍ വാദംകേട്ടു തുടങ്ങി. ഇന്ന്‌ രാവിലെ ഒന്പതിന് യെദിയൂരപ്പ അധികാരമേല്‍ക്കും എന്നതിനാല്‍ ഇതിനു മുന്‍പായി ഹര്‍ജി പരിഗണിപ്പിക്കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് അര്‍ധരാത്രി സുപ്രീം കോടതി ചേരുന്നത്.

Top