ന്യൂഡല്‍ഹി: വിജയ് മല്യയും ലളിത് മോദിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കാത്തതില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം.
സുപ്രീംകോടതിയിലെ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവുകളെപ്പോലും നിങ്ങള്‍ മാനിക്കാത്തതെന്തുകൊണ്ടാണെന്നും, ഇതെന്തൊരു സമീപനമാണെന്നും, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും നിങ്ങള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അരുണ്‍ മിശ്ര വിമര്‍ശിച്ചു.
ഇന്ത്യയില്‍ കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകളഞ്ഞ ആളെ തിരിച്ചുകൊണ്ടുവരാനാവശ്യമായ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ആരെല്ലാമോ ഓടിപ്പോകുന്നുവെന്നും, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, എട്ട് മാസങ്ങളായി ഞങ്ങള്‍ ഈ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ നിങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും അരുണ്‍ മിശ്ര പറഞ്ഞു.
കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോടും മുതിര്‍ന്ന അഭിഭാഷകയായ മോഹനയോടുമായിരുന്നു കോടതിയുടെ വിമര്‍ശനം.
ഈ കേസില്‍ പലപ്പോഴും ഹാജരാകുന്നത് വ്യത്യസ്തരായ അഭിഭാഷകരാണെന്നും, എന്നാല്‍ കേസിന്റെ കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് കൂടുതലൊന്നുമറിയുകയില്ലെന്നും, ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ കോടതിയില്‍ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.