ന്യൂഡല്‍ഹി: കേരള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല നടപടിയെടുക്കേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ നടപടിയെടുത്താല്‍ പൊലീസില്‍ ആരെങ്കിലുമുണ്ടാകുമോ? കോടതി ചോദിച്ചു.
സെന്‍കുമാറിനെ മാറ്റിയത് ഗൗരവകരമായ നടപടിയാണെന്നും വ്യക്തിപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയതെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ മാര്‍ച്ച് 27 നകം വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി അംഗീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തെറിപ്പിക്കുകയായിരുന്നു.
ജിഷ കൊലക്കേസ്, പുറ്റിങ്ങള്‍ വെട്ടിക്കെട്ട് അപകടം തുടങ്ങി ക്രമസമാധാന ചുമതലയിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം. ഈ വാദമാണ് ഹൈക്കോടതി അംഗീകരിച്ചിരുന്നത്.
സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച അപ്പീലില്‍ തന്റെ കാലത്ത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നതെന്നും തന്നെ മാറ്റിയ ശേഷം ഒന്‍പത് കൊലപാതകങ്ങള്‍ നടന്നതായും ചൂണ്ടികാട്ടിയിരുന്നു.
തന്റെ നടപടി സിപിഎം കേന്ദ്രങ്ങളെ വലിയ തോതില്‍ ഭയപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റ കാലാവധി പൂര്‍ത്തിയാക്കാത്ത ഒട്ടേറെ പൊലീസുകാരെ പിണറായി വിജയന്‍ അധികാരമേറ്റശേഷം സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.