ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സുപ്രീം കോടതി. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പുതിയ വിധി.
പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെയൊഴികെ മറ്റു നേതാക്കളുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളും നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
നേരത്തെ, രാഷ്ട്രീയലാഭത്തിനു വേണ്ടി ജനങ്ങളുടെ നികുതിപ്പണം അധികാരസ്ഥാനത്തിരിക്കുന്നവര്‍ ധൂര്‍ത്തടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ എന്‍ജിഒയും നല്കിയ പരാതി പരിഗണിച്ചാണ് കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീം കോടതി മന്ത്രിമാര്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കി വിധി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാരും ഏതാനും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് പുനപരിശോധനാ ഹര്‍ജി നല്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.